06:44am 05 May 2026
NEWS
പിണറായി വിജയനെ ധർമ്മടത്ത് വിറപ്പിച്ച വി.പി.അബ്ദുൽ റഷീദ് ആരാണ്?
04/05/2026  12:04 PM IST
nila
പിണറായി വിജയനെ ധർമ്മടത്ത് വിറപ്പിച്ച വി.പി.അബ്ദുൽ റഷീദ് ആരാണ്?

നൂറിലേറെ സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു എന്ന വാർത്തകൾ പുറത്തുവരുമ്പോഴും രാഷ്ട്രീയ കേരളത്തിന് വലിയ അത്ഭുതമൊന്നും തോന്നിയില്ല. കേരളത്തിൽ നൂറും നൂറിനടുത്തും സീറ്റുകൾ നേടി ഇതിനു മുമ്പും എൽഡിഎഫും യുഡിഫും അധികാരം പിടിച്ചിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന സിപിഎമ്മിന്റെ അതിശക്തമായ കോട്ടയായ ധർമ്മടം മണ്ഡലത്തിൽ യുഡിഎഫ് ആദ്യ റൗണ്ടുകളിൽ മുന്നേറ്റം കാഴ്ചവെച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. എൽഡിഎഫിന് ശക്തമായ പിടിയുള്ള പഞ്ചായത്തുകളിലാണ് യുഡിഎഫ് ലീഡ് നേടിയത് എന്നതാണ് ശ്രദ്ധേയമായത്. 

ധർമ്മടം മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ കടമ്പൂർ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. എന്നാൽ, എൽഡിഎഫ് പഞ്ചായത്തുകളിലാണു ആദ്യ റൗണ്ടുകളിൽ യുഡിഎഫ് മുന്നിൽവന്നത്. ഇതോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പിണറായി വിജയനെ വിറപ്പിച്ച വി.പി.അബ്ദുൽ റഷീദ് ആരെന്ന ചർച്ചകൾ സജീവമായത്. 

ജവാഹർ ബാലജനവേദിയിലൂടെയും പിന്നീട് കെഎസ്‌യുവിലൂടെയുമാണ് അബ്ദുൽ റഷീദിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തുടക്കം. പിന്നീട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും ഏറ്റവും പ്രായം കുറഞ്ഞ കെപിസിസി അംഗമായും ഉയർന്നു. ധർമടം മണ്ഡലത്തിലെ പലയാട് ക്യാംപസിലായിരുന്നു നിയമപഠനം. പഠനകാലത്ത് ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഒരു വർഷത്തോളം പൊലീസ് സുരക്ഷയിലായിരുന്നു. കഴിഞ്ഞ ആറുവർഷമായി ധർമടം നിയോജക മണ്ഡലത്തിലെ പൊതുവാച്ചേരിയിലാണ് താമസം. രാഹുൽ ​ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിലും സ്ഥിരാംഗമായി സജീവ സാന്നിധ്യമായിരുന്നു അബ്ദുൽ റഷീദ്.

 എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും കടുത്ത പോരാട്ടം സൃഷ്ടിച്ച സ്ഥാനാർഥിയെന്ന ഖ്യാതി നേരത്തേ തന്നെ അദ്ദേഹത്തിനുണ്ട്. 2016 നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം മുൻപത്തെക്കാൾ പുകുതിയോളം കുറച്ച ‘സ്റ്റാർ കാൻഡിഡേറ്റ്’ ആയിരുന്നു അബ്ദുൽ റഷീദ്. എൽഡിഎഫ് കുത്തക സീറ്റീൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയായിരുന്നു ആ നേട്ടം.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും തളിപ്പറമ്പിലെ 165 ബൂത്തുകളിൽ 80ലധികം ബൂത്തുകളിൽ യുഡിഎഫ് മുന്നിലെത്തിയത് അബ്ദുൽ റഷീദിന്റെ രാഷ്ട്രീയ സ്വാധീനം തെളിയിക്കുന്നതായി വിലയിരുത്തപ്പെട്ടു. ഈ സാഹചര്യത്തിൽ ഇത്തവണയും തളിപ്പറമ്പിൽ തന്നെയാകും അദ്ദേഹത്തെ പരിഗണിക്കുകയെന്ന് കരുതിയിരുന്നുവെങ്കിലും രാഷ്ട്രീയ സമവാക്യങ്ങൾ മാറി. സിപിഎം വിമതനായ ടി.കെ. ഗോവിന്ദന് അവസരം നൽകാനുള്ള നീക്കങ്ങളെത്തുടർന്ന് അബ്ദുൽ റഷീദിനെ ധർമടത്തേക്ക് മാറ്റുകയായിരുന്നു.

ധർമടത്ത് തുടക്കം മുതൽ ആത്മവിശ്വാസത്തോടെയായിരുന്നു അബ്ദുൽ റഷീദിന്റെ പ്രചാരണം. എൽഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ പോലും ലീഡ് പിടിക്കാമെന്ന വിശ്വാസം അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ആദ്യ റൗണ്ടുകളിലെ ഫലസൂചനകൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന് കരുത്തേകുന്നതായി മാറുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img